വായുമലിനീകരണം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ഇബൈക്ക്ഗോ


സൗരോര്‍ജംഉപയോഗിച്ച് ഇനി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാം. ഇബൈക്ക്ഗോയാണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിലൂടെ ആദ്യത്തെ കാര്‍ബണ്‍-ന്യൂട്രല്‍ മൊബിലിറ്റി കമ്പനിയായ ഇബൈക്ക്ഗോ മാറും. ഈ പദ്ധതിയുടെ ഭാഗമായി കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കാന്‍ ഇബൈക്ക്ഗോയുടെ എല്ലാ വാഹനങ്ങളുടെയും ബാറ്ററികള്‍ സൗരോര്‍ജ്ജത്തിലൂടെ ചാര്‍ജ് ചെയ്യും. ഇതിന്റെ ഭാഗമായി ഇബൈക്ക്ഗോ, എസ്‌കെഎസ് ക്ലീന്‍ടെക്കുമായി സഹകരിച്ച് സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ഈ സോളാര്‍ പാനലുകള്‍ കെട്ടിടങ്ങളില്‍ സ്ഥാപിക്കുകയും അവയുടെ ഇവിയില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ 100 ശതമാനം സൗരോര്‍ജ്ജം ഉപയോഗിക്കുകയും ചെയ്യും.

അവിടെ നിന്നും ബാറ്ററികള്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് ചാര്‍ജ് ചെയ്യും, കൂടാതെ വാഹനങ്ങള്‍ക്ക് വന്ന് ബാറ്ററികള്‍ സ്വാപ്പ് ചെയ്യാനും സാധിക്കുന്നു. ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നതിലൂടെ വായുമലിനീകരണം കുറച്ച് ശുദ്ധമായ വായുവിലേക്ക് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി അവകാശപ്പടുന്നു. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി നമുക്കു ചുറ്റും കൂടുതല്‍ വൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിലൂടെ വരും തലമുറയെ എങ്കിലും സംരക്ഷിക്കാന്‍ കഴിയുമെന്നും ഇബൈക്ക്ഗോ സ്ഥാപകനും സിഇഒയുമായ ഡോ. ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

പ്രാരംഭ പദ്ധതിയായതു കൊണ്ട് തന്നെ മുംബൈയില്‍ തുടക്കം കുറിക്കുമെന്നും പിന്നീട് മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇതിനോടൊപ്പം തന്നെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏഴ് നഗരങ്ങളിലായി 30,000 ത്തിലധികം ഇലക്ട്രിക് ബൈക്കുകള്‍ വിന്യസിക്കുമെന്നും ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബാറ്ററി ഉത്പാദനം കാര്യക്ഷമമായ പരമ്പരാഗത കാറിനേക്കാള്‍ 74 ശതമാനം വരെ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയതായി സ്റ്റാര്‍ട്ടപ്പ് പറയുന്നു

Post a Comment

0 Comments

close